Monday, December 12, 2011

പറന്നെത്താനാവാതെ

പ്രണയത്തിന്റെ
വർണ്ണ മനോഹര
തൂവൽകൊണ്ട്‌
എന്നെ തഴുകിയിട്ട്‌
മുൾകാടുകളിലേക്ക്‌
പറന്നു പോയ പക്ഷി

നിന്നെ തേടി
നിണമൊഴുക്കി
ഈ മുൾമുനകളിൽ
തേഞ്ഞ്‌ തീരുന്നു ഞാൻ

എവിടെയാണു നിന്റെ
വേദനയുടെ കൂട്‌
എനിക്കു പറന്നെത്താനാവാതെ

Thursday, October 6, 2011

ഏകാന്തം

ഇന്ന് എനിക്ക്‌ ഒറ്റപ്പെട്ടവന്റെ
മനസ്സാണു
മിടിപ്പിന്റെ അലകൾ
എത്തിനോക്കാത്ത
ഹൃദയ ഭിത്തിയിൽ നിന്ന്
ജീവന്റെ പശിമ
അടർന്നു തുടങ്ങിയിരിക്കുന്നു

മരുഭുമിയിലേക്ക്‌ തുറക്കുന്ന
വീടിന്റെ വരാന്തയിൽ നിന്ന്
വഴിയിലെ ഒറ്റമരത്തിന്റെ
ഇല്ലാ തണലിലേക്കുള്ള
ദുരത്തിലാണു
എന്റെ കാലങ്ങൾ അത്രയും
കൊഴിഞ്ഞു കിടക്കുന്നത്‌

നരച്ച ആകാശത്തിലെ
തെളിച്ചമില്ലാത്ത മേഘങ്ങൾ
മരുഭുമിയിലെ മണൽ കൂന്നുകളുമായ്‌
കൂട്ടുചേർന്നു ഇരിക്കുന്നു

വൈകിയെങ്കിലും എത്തുമെന്നു
കരുതുന്ന വർഷത്തിനു
സമ്മാനിക്കാൻ ഞാൻ കരുതിവെച്ച
വിത്തുകൾ
കൊത്തിപറന്നു പോയ
പൈക്കിളി
കാത്തിരിക്കാനും, കിളിർത്താനും
ഇനി ഞാൻ
പച്ചപ്പ്‌ തിരിച്ചറിയുകയേയില്ലാ

Saturday, June 11, 2011

ഓർമ്മകളുടെ പുഴ

ഇന്നൊരു കാറ്റ്‌
ഓർമ്മകളുടെ പുഴയൊന്നൊഴുക്കി
ഓളങ്ങളോടോപ്പം ഒഴുകിയെത്തിയത്‌
മുത്തും പവിഴവും
ഓമനിക്കാനായ്‌ നിൻ
കുപ്പി വള കിലുക്കവും ..(2)

നീ തന്ന പൂക്കളും
മഞ്ചാടി മണികളും
തളിർ ഇലയിൽ നിന്നു
നീ തൊട്ടു നീട്ടിയചന്ദനകുറിയും
പിന്നെ എനിക്കായ്‌
നീ കാത്തു നിന്നതും

ബാല്യമായിരുന്നെങ്കിലും
സ്നേഹമായിരുന്നെന്ന്
വെറുതെ ഞാനോന്ന്
മോഹിച്ചോട്ടെ

ഇന്നൊരു കാറ്റ്‌
ഓർമ്മകളുടെ പുഴയൊന്നൊഴുക്കി ..(2)

നിദ്രയിൽ എന്നും നീ
കിനാവായ്‌ വരുന്നതും
നിലാവിനോടോപ്പം നാം
നീല വാനിൽ പറന്നതും

ബാല്യമായിരുന്നെങ്കിലും
സ്നേഹമായിരുന്നെന്ന്
വെറുതെ ഞാനോന്ന്
മോഹിച്ചോട്ടെ

ഇന്നൊരു കാറ്റ്‌
ഓർമ്മകളുടെ പുഴയൊന്നൊഴുക്കി ..(2)