Wednesday, December 29, 2010

കൂടൊഴിഞ്ഞു പറന്ന


നീയായിരുന്നോ..
കൂടൊഴിഞ്ഞു
പറന്ന കിളിയുടെ
അവസ്സാനത്തെ
കൊഴിഞ്ഞ തൂവലായത്‌

വിതുമ്പാനാവാതെ
ഒളിപ്പിച്ച
ഇനിയും
വറ്റാത്ത
നനവായ്‌ നിന്നത്‌

ചുണ്ടിൽ നിന്നു
അവസ്സാനമായ്‌
അകന്ന
ചുടു നിശ്വാസമായ്‌ തീർന്നത്‌

നെഞ്ചിലേക്ക്‌
കെട്ടഴിഞ്ഞു വീണ
മുടിയിഴകളുടെ
ഇനിയും
കൊതി തീരാത്ത
തണ്ണുപ്പും തലോടലുമാവുന്നത്‌

നീയായിരുന്നോ..
മറവിയുടെ
ചാരങ്ങളിൽ
ഒരിക്കലും
അണയാതെ
കനലായ്‌
പതുങ്ങുന്നത്‌

Thursday, December 23, 2010

കടവിലെ തോണി

കടവിലെ തോണി
കാണാ തീരം തേടി പോകുന്നു

തുഴയില്ലാതെ തുണയില്ലാതെ
കാണാദുരം തേടി
കടവിലെ തോണി...

കാറ്റിൽ അലഞ്ഞ്‌
തിരകളിൽ ഉലഞ്ഞ്‌
കടവുകൾ അകന്ന്
കണ്ണീരിൽ കുതിർന്ന്
കാണാ തീരം തേടി
കടവിലെ തോണി...

ഒരു ശിഖരമുണ്ടോ
ഈ കൊച്ചു സ്വപ്നങ്ങൾക്ക്‌
കൂടു വെയ്ക്കാൻ

കാറ്റേ നീ മൃദുവാകുമോ
ഈ കിനാക്കൾ കൊഴിയാതിരിക്കാൻ

പൂക്കളെ വെല്ലും ചിറക്കുകൾ നൽകി
പൂമ്പാറ്റയാക്കി നീ കിനാക്കളെ

Friday, September 10, 2010

രാജമല്ലി പൂക്കൾ


പറഞ്ഞുപോയവയിൽ നിന്ന്
ചില വാക്കുകൾ കളവു പോയത്‌
ഞാൻ അറിഞ്ഞിരുന്നിലല്ലോ

മാനത്തു പൂവിട്ട വർണ്ണങ്ങളെ
മണ്ണിൽ കൊഴിച്ചിട്ട
രാജമല്ലിപൂക്കൾക്കിടയിൽ നിന്ന്

മഞ്ചാടി മണികൾ പോലെ
ചില വാക്കുകൾ
പെറുക്കിയെടുത്ത്‌ നീ
കൂട്ടിവെച്ചിരിക്കുന്നതെന്തിനാണു

വഴിയരികിലെ മൺ തിട്ടയിൽ
നീ എടുത്തുവെച്ച വാക്കുകൾ
ഇതിനു മുൻപും ഞാൻ
കാണാതെ പോയിട്ടുണ്ടല്ലോ

Sunday, January 3, 2010

മഴയാണെന്ന് തോന്നിയത്‌ വെറുതെയാണു.



മരങ്ങൾ
ആകാശത്തിലെ
നക്ഷത്രങ്ങളിലേക്കുള്ള
വഴികാട്ടികളാണു.....
ഭുമിക്കു.
ആകാശത്തോടുള്ള
പ്രണയത്തിന്റെയും.

ഇലകൾ അടർന്ന
പൂ വിരിയാത്ത
മരങ്ങൾക്ക്‌
നക്ഷത്രങ്ങളില്ലാത്ത
രാത്രി കാണിച്ചായിരിക്കണം
ആകാശം മറുപടി പറയുന്നത്‌


ആരോ ഈ മരുഭുമിയിൽ
പ്രണയം തിരയുന്നുണ്ട്‌....

മഴയാണെന്ന്
തോന്നിയത്‌ വെറുതെയാണു.