Saturday, December 5, 2009

ദൂരമേറയായ്‌ആരെങ്കിലും യാത്രയാവുമ്പോൾ
വിലപ്പെട്ടത്‌ എന്തോ നഷ്ടപ്പെടുമ്പോൾ
പിന്നിൽ നിന്നോരു വിളിയുയരുമ്പോൾ
കണ്ണുനീർ തുടച്ച്‌ ആരോ നടന്നു മറയുമ്പോൾ
നീ ഓർമ്മയിൽ വരുന്നുവല്ലോ


* * *

നീ യാത്രയായ്‌
പടവുകൾ കടന്നു
ദൂരമേറയായ്‌
ഇനി വഴി കണ്ണുകൾ
കാത്തിരിപ്പിന്റെ
ചങ്ങല കണ്ണികൾ
കണ്ണുനീർ മുത്തുകൾ
കരളിന്റെ നോവുകൾ
കറുത്ത യാമങ്ങൾ

Wednesday, November 18, 2009

സ്നേഹ സൗഹൃദ കൂട്ട്‌


ഹൃദയ നൊമ്പരം
പങ്കുവെയ്ക്കുമീ
സ്നേഹ സൗഹൃദ കൂട്ട്‌
എരിഞ്ഞു തീരു മീ
പകലിനു ശേഷവും
കൂടെയുണ്ട്‌ ഈ നിലാവ്‌ ...... (2)

നറു തേൻ പൂവിൽ നിന്നും
നിറ പൂഞ്ചിരി ചുണ്ടിൽ നിന്നും
പാൽ നിലാവ്‌ വാനിൽ നിന്നു

പകുത്തതാണീ കൂട്ട്‌ . . .
പകർന്നതാണീ കൂട്ട്‌ . .

ഇളമഞ്ഞിൻ കുളിരിൽ നിന്നും
മഴതുള്ളി നനവിൽ നിന്നും

കുളിർന്നതാണി കൂട്ട്‌ . . .
കുതിർന്നതാണി കൂട്ട്‌ . . .

ഹൃദയ നൊമ്പരം
പങ്കുവെയ്ക്കുമീ
സ്നേഹ സൗഹൃദ കൂട്ട്‌
എരിഞ്ഞു തീരു മീ
പകലിനു ശേഷവും
കൂടെയുണ്ട്‌ ഈ നിലാവ്‌ .....(2)

കുറുബിന്റെ കുഞ്ഞി കൂടേ
കൂടെ വരൂ പുമ്പാറ്റയേ
കൊല്ലുസ്സണിഞ്ഞ മോഹമല്ലേ.. നീ

കൊതിക്കാതെങ്ങനെ നിന്നെ..

കൂടെ വരൂ പുമ്പാറ്റയേ...
നീ എൻകൊല്ലുസ്സണിഞ്ഞ മോഹമല്ലേ..

ഹൃദയ നൊമ്പരം
പങ്കുവെയ്ക്കുമീ
സ്നേഹ സൗഹൃദ കൂട്ട്‌
എരിഞ്ഞു തീരു മീ
പകലിനു ശേഷവും
കൂടെയുണ്ട്‌ ഈ നിലാവ്‌ ......(2)

Thursday, November 5, 2009

വഴിയോരം

ഓരോ വഴിയോരത്തും
എത്രയെത്ര നോട്ടങ്ങളാണു
ഇങ്ങിനെ വെറുതെ
എറിഞ്ഞു കളയുന്നത്‌

വെറുതയാണെന്നും
അലോസരപ്പെടുത്തുന്നതാണെന്നു
അറിയാമായിരുന്നുട്ടും
ഈ വഴിയോരെത്തു നിന്നു
ഞാനു ഇതോക്കെ തന്നെയല്ലേ
ചെയ്തു കൊണ്ടിരിക്കുന്നത്‌

എതിരെ വരുന്ന
പെൺകുട്ടിയുടെ
എവിടെയോക്കെയാണു
ഇങ്ങനെ മാറി... മാറി...

ഭാസ്കരേട്ടനെപോലെ
ഏറ്റവും അവസ്സാനമാണു
മുഖം ശ്രദ്ധിച്ചത്‌
എന്നു പറയിപ്പിച്ചുകൊണ്ട്‌

Wednesday, October 14, 2009

മഞ്ഞിന്റെ കൂടാരം.


വെറുതെ എറിഞ്ഞു ഞാൻ
കുറെ മോഹങ്ങളെ
ഒരു ആകാശം നിറയെ
തുടുത്ത സന്ധ്യയിലേക്ക്‌

പട്ടുനൂൽ കെട്ടുകൾ
പൊട്ടിയ പട്ടം പോൽ
അലസമായ്‌ പറന്നു വിണു
അവ ചില മുൾമരങ്ങളിൽ

എത്രയോ അകന്നു പോയിരിക്കുന്നു നീ
എന്റെ സ്വപ്നങ്ങളെക്കാൾ ദൂരെ

തേങ്ങാതെ ഇരിക്കാനാവില്ലാ ഇന്ന്
ഈ രാത്രി പുള്ളുകൾക്ക്‌
.
ഓർമ്മകളുടെ മണവുമായ്‌
ഒരു കാറ്റ്‌ വിശാതിരിക്കുകയുമില്ലാ
.
ഈ താഴ്‌വാരം.....
താന്നെ മറയുന്ന....
മഞ്ഞിന്റെ കൂടാരം.

Monday, August 17, 2009

നീയും ഞാനും നമ്മുടെ പ്രണയവും


ഞാൻ, ഹൃദയത്തിൽ നിന്നു
ഹൃദയത്തിലേക്കുള്ള ദൂരം
വളരെ കുറവുള്ളൊരാൾ
പെട്ടെന്ന് ദേഷ്യപെടുകയും
വല്ലാതെ സ്നേഹിക്കുകയും
രാത്രിമഴയിൽ അലിഞ്ഞു
ചേരുകയും ചെയ്യുന്നൊരാൾ

നീ, കോടമഞ്ഞിന്റെ താഴ്‌വരയിൽ
ഒറ്റപെട്ടു നിൽക്കുന്ന ഒരു വൃക്ഷം
കാറ്റിന്റെ ഗതിവിഗതികളിൽ മാത്രം
തെളിയുകയും മറയുകയും ചെയ്യുന്ന
കാത്തിരിപ്പിന്റെ കനൽ

സ്വപ്നങ്ങൾ തന്നുകൊള്ളു
നിറമുള്ള പൂക്കളും തന്നു കൊള്ളു
പക്ഷെ പിന്നീടൊന്നു
വിടരാതിരിക്കാനായ്‌
പ്രണയം മാത്രം
തരാതിരിക്കുക

Thursday, July 23, 2009

പുഴ പറഞ്ഞത്‌


വേനലിൽ
പുഴയുടെ മണലിലേക്ക്‌
ദഹിച്ചു ചേർന്ന
നീർ കണങ്ങളുടെ
പ്രതികാരമായിരിക്കാം
മഴകാലത്തു
കുലം കുത്തിയൊഴുകുന്നത്‌

എത്ര നേർത്തു പോയാലും
ആർത്തലച്ച്‌ ചെന്നാലും
കടലിനു തന്നെ
തിരിച്ചയക്കാൻ കഴിയിലെന്ന
അഹങ്കാരവും അതിനുണ്ടായിരിക്കാം

എന്റെ കടലാസ്സു വഞ്ചികളെ മുക്കി
ഓടി പോയ തോടും
ഇവിടെയോക്കെ തന്നെയായിരിക്കും
എത്തിയിട്ടുണ്ടാവുക
ഈ പ്രതികാരത്തിന്റെ കഥകൾ
തന്നെയായിരിക്കും പറയുന്നുണ്ടാവുക

Wednesday, July 15, 2009

തിവ്ര വാദി

കുറച്ചു ദുരം, എന്നോടൊത്ത്‌
ഒന്നു വരാമോ...
ഭയന്നിട്ടാണു, ഞാൻ വിളിക്കുന്നത്‌.
ഇനിയുള്ളത്‌... സമാധാനത്തിന്റെ
വഴികളാണെത്രെ.
പൂക്കൾ വിരിയുന്നതും
വെള്ളരി പ്രാവുകൾ പറക്കുന്നതും
കാണുമെത്രെ.
ഒന്നു കൂടെവരാമോ..
പകരം ഞാൻ നിങ്ങൾക്ക്‌
ചാവേറുകളും, ബോംബുകളും
പൊട്ടുന്നിടത്തും.
യുദ്ധവും, കലാപവും
നടക്കുന്നിടത്തും തുണയാവാം.

Wednesday, July 8, 2009

വീണു പോയ വഴികൾ


രാവിനെന്നും
ഭൂതകാലത്തിന്റെ നിറവ്‌
നിദ്രയില്ലാതെ.. നിലാവില്ലാതെ
നക്ഷത്രങ്ങളുമില്ലാതെ
മിഴിനനച്ചുകൊണ്ടിങ്ങനെ
ഓർമ്മകളുടെ പെയ്ത്ത്‌

ചിലപ്പോഴോക്കെ ഇങ്ങനെയാണെന്നു
ഒരു മിന്നാമിന്നുങ്ങ്‌
മരം പെയ്യുന്നത്‌
മഞ്ഞോ മഴയോ
പെയ്തതു കൊണ്ടാവാമെന്നു
ഒരു തണുത്ത കാറ്റ്‌
കാർ മേഘങ്ങൾ വിങ്ങുപ്പോഴാണു
ഞങ്ങൾ വീണു പോകുന്നതെന്ന്
ഒരു മിഴിനീർ കണം

കരിയിലകളാൽ നിറഞ്ഞ്‌
വീണു പോയൊരു വഴി
ഓർമ്മകളാൽ തുത്തെടുത്തിട്ടും
ചിതലരിച്ച വാതിലുകൾ
തുറക്കാന്നാവാതെ
പിന്നെയും വീർത്തുകെട്ടിയ
ആകാശത്തെ ഭയന്ന്
ഇന്നിന്റെ നിസ്സാരതയിലേക്ക്‌
ഊളിയിട്ട്‌....
രാവിന്റെ കടൽ താണ്ടുന്നു

കിഴക്ക്‌ ഒരു വെട്ടം കാത്ത്‌
വെറുതെ....

Thursday, June 18, 2009

നീർ പോളകൾ


കൊഴിഞ്ഞു വീണ രാവിനു
പകലിനോടൊത്തിരി
പറയാനുണ്ടായിരുന്നു
ഉദിച്ചുയർന്ന പകലിനാകട്ടെ
രാവിനോടൊന്നു
ചോദിക്കാനും കഴിഞ്ഞില്ലാ
പക്ഷെ, പകൽ അസ്തമിച്ച്‌
രാവു തുടങ്ങുന്നതിനു മുൻപ്‌
അവർ കണ്ടുമുട്ടി
അറിയാതെയും പറയാതെയും
പോയവയെ കുറിച്ചും
കൈമാറുകയും, കൂടെ കൂട്ടുകയും
പിന്നിട്‌, കൈവിട്ട്‌ പോവുകയും
ചെയതവയെ കുറിച്ചും
പറഞ്ഞ്‌ അവർ തേങ്ങി.
തിരിച്ച്‌ നൽക്കാൻ
കഴിയാതെ കൊഴിഞ്ഞു വീണവയുടെ
കണക്കുകൾ പരസ്പരം
പറഞ്ഞു കരഞ്ഞു
അങ്ങിനെയാണു
പുലരിയിലും സന്ധ്യയിലും
മഞ്ഞു തുള്ളികളാണു
എന്നു തെറ്റിദ്ധരിച്ച്‌
നാം ഇവരുടെകണ്ണുനീർ
തുള്ളികൾ കാണുന്നതു
.
............
രാവിൽ നിന്നു പകലിലേക്കും, പകലിൽ നിന്നു രാവിലേക്കും
എന്താണിത്ര ഉറപ്പ്‌ നീർ പോള പോലെഈ ജന്മമല്ലോ

പാലക്കൽ അമ്പലം


അമ്മ.... പാലക്കൽ അമ്മ.... ഞങ്ങളുടെ തട്ടകത്തെ അമ്മ..

Tuesday, June 2, 2009

അനയ്‌ സുനിലിനു സ്ക്കൂൾ തുറന്നു


ദൈവമേ എന്റെ കുഞ്ഞിനെ കാത്തോള്ളണേ...

കഴിഞ്ഞ കൊല്ലം പതിനൊന്ന് (11) മാർക്കായിരുന്നു... ചോദിച്ചപ്പോൾ പറഞ്ഞു

പപ്പാ.... രണ്ട്‌ ഒന്നില്ലേ അതിൽ അപ്പോ അനു രണ്ടു തവണ ഫസ്റ്റ്ല്ലേന്ന്..

കണ്ടോ പഠിക്കാൻ പറഞ്ഞപ്പോൾ കണ്ണീന്ന് വെള്ളം വന്നത്‌... പപ്പയുടെ മോൻ തന്നെ

ഇന്നലെ വിളിച്ചിരുന്നു.. പപ്പാ.. പപ്പ വാങ്ങിതന്ന കുടയും വാട്ടർബാഗ്ഗു പെൻസിലുമോക്കെയായിട്ടാ അനു സ്ക്കുളിൽ പോകുന്നത്‌ എന്ന്.

മറുപടി പറയാൻ പെട്ടെന്ന് കഴിഞ്ഞില്ലാ..

സ്ക്കുളിൽ പോകുന്നതു, പോയി വരുന്നതു ഈയുള്ളവൻ കണ്ടിട്ടില്ലല്ലോ..

ഒരു സ്വകാര്യം പറഞ്ഞതാണു... സോറി

Sunday, May 24, 2009

അകലെയെവിടെയോ നീ മറഞ്ഞിരിക്കുന്നു

ഇനിയൊരു രാവും
ഇത്രമേൽ നിലാവും
നക്ഷത്ര കൂട്ടുമായ്‌
എത്തുകില്ലാ

നിറമുള്ള കിനാക്കളെ
തുരുതുരാ പെയ്യിക്കു മീ
നിദ്രയു ഇനിയില്ലാ

അകലെയെവിടെയോ
നീ മറഞ്ഞിരിക്കുന്നു
മനസ്സിന്റെ കണ്ണുകൾ
അതറിയുന്നു

എന്തിനായിരുന്നു നീ
കിനാക്കൾ കൊണ്ടൊരു
നിറമുള്ള മാല
കോർത്തു തന്നത്‌

ആകാശം അടർത്തിവിട്ട
ഈ നക്ഷത്ര തുണ്ട്‌
ഭുമിയിലുമല്ലാ
ആകാശത്തുമല്ലാതെയാവുന്നു

Wednesday, April 1, 2009

നീല കുറിഞ്ഞികൾ - കാത്തിരിപ്പിന്റെ പൂക്കൾ


ഒരു മയിൽപീലി കാവ്‌
കാക്കപ്പൂ വിരിയുന്ന
വേലിപടർപ്പുകൾ
മഞ്ഞിൽ കുളിരുന്ന
പ്രഭാതം
മഴവിൽ വിരിയുന്ന
ഇല ചാർത്തുകൾ
മഞ്ചാടി പൊഴിക്കുന്ന
മരങ്ങൾ
മൈ ലാഞ്ചി കാടുകൾ
സുഗന്ധവാഹിയായ കാറ്റ്‌
സ്വപനങ്ങൾ വിരിയുന്ന
വയലുകൾ
സ്നേഹം
ഇത്രത്തോള്ളമുണ്ടിവിടെന്ന്
അറിയിക്കുന്ന കുന്നുകൾ
ഇങ്ങനെ തെളിഞ്ഞ്‌
ഒഴുകണമെന്ന് പുഴകൾ
പാണ്ടിയും പഞ്ചാരിയും
മുറുകുന്ന ഉത്സവപറമ്പുകൾ
.
ഹ...ഹ...ഹ...ഹ
.
കണിക്കൊന്നകൾ വരവേൽക്കുന്ന
വിഷുവിനൊന്നത്തുകൂടുവാൻ
ഈ പച്ചപ്പുകൾ നെഞ്ചിലേറ്റി
അവധിക്കൊരാൾ നാട്ടിലേക്ക്‌
.
അടുത്ത ആഴ്ച്ച നാട്ടിലേക്കു പോക്കുകയാണു, കുറച്ചുകാലം ഈ ബുലോകത്തു ഞാൻ ഇങ്ങിനെ പതിവായി കാണില്ലാ.. ദയവായി ആരും എന്നെ മറക്കരുത്‌.
.
ആ നല്ല നാളുകൾ അവസാനിക്കുപ്പോൾ വീണ്ടും ഈ വേർപ്പാടിന്റെ വേദനയിൽ ഉരുകി തീരാൻ വിധിക്കപെടുപ്പോൾ ഞാൻ ഓടിയെത്തും. അപ്പോൾ നിങ്ങളുടെ ബ്ലോഗ്ഗിൽ കുറിച്ചിട്ടിരികുന്ന ആ വരികളിൽ നിന്നു ഞാൻ എന്റെ നഷ്ടലോകം തിരിച്ചെടുക്കും. ഒരേ നിറവും ഒരേ സ്വരവുമുള്ള ദേശാടനകിളികളെ തിരിച്ചറിഞ്ഞ്‌ അവയൊടൊത്തു കൂടി വീണ്ടു ഒരു മടക്കയാത്രക്കായ്‌ കാത്തിരിക്കും. അതുവരെ എനിക്ക്‌ ഈ ചൂടിൽ പിടിച്ചു നിൽക്കാൻ കഴിയുക നിങ്ങളുടെ ബ്ലോഗ്ഗുകളാകുന്ന തണ്ണിർ പന്തലുകളിലുടെ മാത്രമാണു, ഈ കുട്ടായമയില്ലുടെ മാത്രമാണു.

എന്റെ ഈ ബ്ലോഗ്ഗിലെ വരികൾക്ക്‌ അത്ര നല്ല നിറമോ, സ്വരമോ ഇല്ലെന്ന് എന്നിക്കറിയാം പക്ഷെ കൂടെ പറക്കാൻ ചിറക്കു വിടർത്തി ശ്രമിക്കുന്നു എന്നു തിരിച്ചറിഞ്ഞ്‌ പ്രോൽസാഹിപ്പിച്ച്‌ കൂടെ കൂട്ടിയ പ്രിയമുള്ളവരെ ഈ ചിറക്കുകൾ ഒതുക്കി വെച്ചു ഒന്നു തിരിഞ്ഞു നോക്കികൊണ്ട്‌ ഞാൻ യാത്ര പറയുകയാണു ഒരു ചെറിയ ഇടവേള വരെയാണെക്കിൽ കൂടി പ്രിയപ്പെട്ടത്‌ എന്തോ നഷ്ടപെടുത്തിയെന്നു ഞാൻ ഒരോ നിമിഷവും തിരിച്ചറിയുന്നു.

Friday, March 20, 2009

ഞാവൽ പഴം

ഇന്നലെ ദീപികയിൽ വന്നൊരു വാർത്ത. ....

മോൻ ആവശ്യപ്പെടാതെ തന്നെ അവനു വേണ്ടി വിലയേറിയ കളിപ്പാട്ടങ്ങൾ തിരയുന്ന എന്റെ കൈ ഒന്നു വിറച്ചു പോയി. ചോക്ക്ലേറ്റുകളും കാഡബറീസ്സുകളും വാങ്ങിക്കുട്ടാൻ കരുതിയ മനസ്സ്‌ അറിയാതെയൊന്ന് ഇടറി .... ഇവനു ഒരു കുഞ്ഞ്‌, ജീവനെ പോലെ ഇവനെയും സ്നേഹിക്കണമെന്നു കരുതിയ മാതാപിതാക്കൾ.

അനാഥമായ ഒരു ബാല്യം ... വിശപ്പുകൊണ്ട്‌... ഞാവൽ പഴം തേടി..... ഭക്ഷണം തരാമെന്നു ആരൊക്കയോ പറഞ്ഞപ്പോൾ ഓടിയിറങ്ങികാണും....ഒരു വേള കൈകൾ ഉണ്ടായിരുന്നെങ്കിലെന്ന് ആ മരവും ആഗ്രഹിച്ചു കാണും..... കണ്ട്‌... കൊതിവെച്ച... നൽകാൻ കഴിയാതെ പോയ ഞാവൽ പഴങ്ങളെ ഓർത്ത്‌ ആ ഞാവൽ മരവും വേദനിച്ചു കാണും.

കരുതിവെച്ചിട്ടുണ്ട്‌ ഒരിത്തിരി എന്നാലാവൂവിധം.... അധികം തിരയേണ്ടി വരില്ലാ .. കാണും... ഇതു പോലെ ഏതെങ്കിലും മരചില്ലകളിലോ.. ചവറ്റുക്കുനയിലെ വലിച്ചെറിയപ്പെട്ട പാഴ്‌വസ്തുകൾകിടയിലോ... വിശക്കുന്നു എന്നു പറഞ്ഞ്‌....

വേറെ ഒന്നിനു വേണ്ടിയല്ലാ.. കുറ്റബോധമില്ലാതെ എന്റെ കുഞ്ഞിനെ എനിക്കൊന്നു വാരി പുണരാമല്ലോ......?

കണ്ണുകൾ കടലാവുമ്പോൾ
നെഞ്ചകം നീറിപിടയുമ്പോൾ
തലയുയർത്തി നിശബ്ദം മായ്‌
ഒന്നു പ്രാർത്ഥിക്കാൻ
ഈ ആകാശം മാത്രം

Wednesday, March 18, 2009

ഒരു കാട്ടു തീ


കനവിൽ ഒരു കാട്ടു തീ
ഇളം നാമ്പുകളെയും
പടർന്നു പന്തലിച്ച
സ്വപനങ്ങളെയും.
കത്തിയെരിയിച്ചു കൊണ്ട്‌

ചിന്തകളിലേക്ക്‌
ജിവിതത്തിലേക്ക്‌
കൊടും ചൂടും,
കറുത്തപുകയും
വിതച്ചുകൊണ്ട്‌

ആകാശം മറച്ചും
പ്രത്യാശ നശിപ്പിച്ചും
ഹൃദ്ദ്യലേക്ക്‌ എരിഞ്ഞ്കേറി
നിരാശയിൽ അമർന്ന്

മാറ്റത്തിന്റെ പൊടികാറ്റായ്‌
അന്ധകാരത്തിലേക്ക്‌
വിരൽ ചൂണ്ടി

കരിയിച്ച്‌ കനലാക്കിയിട്ടു
പിന്നെയു നീറികൊണ്ട്‌

Thursday, February 19, 2009

ഒരു ആകാശം മാത്രം

ഒരു ആകാശം
എല്ലാവർക്കും.
എന്തിനും, ഏതിനും

കണ്ണുകൾ ‍കടലാവുമ്പോള്‍
ഹൃദയം കനലാവുമ്പോള്‍
നെഞ്ചകം നീറി പിടയുമ്പോള്‍
കൈയുയർത്തി യാചിക്കാൻ
മുഖമുയർത്തിയൊന്നു നോക്കാൻ

ഒരു ആകാശം മാത്രം
എല്ലാവർക്കും.
എന്തിനും, ഏതിനും

പക്ഷെ, നിങ്ങൾ തൻ ദു:ഖം
ഘനീഭവിച്ചും മഴയാകുന്നതല്ലാതെ
നിങ്ങൾ തൻ താപം
സുര്യനായ്‌ നിന്നു തിളകുന്നതല്ലാതെ
അവിടെ ആരുമില്ലാ

എല്ലാം ഇവിടെയാണു

Sunday, February 1, 2009

അകലാനായ്‌ അരികു ചേർന്നു പോയവയെത്ര


മുകളിലും താഴെയുമായ്‌
കാറ്റും വെളിച്ചവും
വീതിയും വിസ്താരവുമുള്ള
എത്രയോ മുറികൾ
എന്നിട്ടും, കോവണിമുറിയുടെ
ഇരുണ്ട വെളിച്ചത്തിലാണു
പ്രണയത്തെ ഞാൻ ആദ്യമായ്‌ കണ്ടത്‌

കൈമാറാനായ്‌
പൂക്കളും, പഴങ്ങളും
മയിൽ പീലിയും
മഞ്ചാടിമണികളുമായ്‌
എത്രയോ, എന്നിട്ടും
വെറുതെ നീട്ടിയ
ചായ പെൻസിലിലാണു
പ്രണയം കൈവിരൽ കോർത്തത്‌

വരക്കാനായ്‌
താഴവാരത്തിൽ ഒറ്റപ്പെട്ട വീട്‌
കടലിൽ ഏകനായ തോണികാരൻ
മുനിഞ്ഞുകത്തുന്ന മൺ ചിരാത്‌
എന്നിട്ടും, കോറി വരച്ച
അവളുടെ കണ്ണുകളിലാണു
പ്രണയം നിർ വൃതി കൊണ്ടത്‌

അകലാനായ്‌
അരികു ചേർന്നു പോയവയെത്ര

തീരം തഴുകിയ തിര
പറന്നു പോയ ദേശാടന കിളി
കൊഴിഞ്ഞുപോയ മാമ്പഴകാലം
തിരികെ വരാത്ത ബാല്യം
എന്നിട്ടും, നീയെന്ന സൂര്യൻ
മറഞ്ഞപ്പോഴായിരുന്നു
കോവണിമുറിയുടെ
ഇരുണ്ട വെളിച്ചത്തിൽ
കോറി വരക്കപ്പെട്ട ചുവരുകൾക്കുള്ളിൽ
ഒരു മൺ ചിരാതുപോലും വരക്കാനാവാതെ
പ്രണയം എന്നെ ഏകനാക്കിയത്‌

Thursday, January 22, 2009

ഭുമിയുടെ മഴ


ഒരു നേർത്ത കാറ്റ്‌
കരിയിലകളിൽ ചിറകനക്കി

ഒരു നനവാർന്ന കണം
കുറെ മുൻപേ പറന്നിറങ്ങി

കൂട്ടംതെറ്റിയ കുളിർ
കൈ എത്താ ദുരത്ത്‌
ചിണുങ്ങി നിന്നു

ഇലകൾകിടയിൽ
ഉണ്ണിപൂവിനെ
ഒളിപ്പിച്ച ചില്ലകൾ
അനുരാഗത്തിനു കാതോർത്തു

പാടവരമ്പിലെ അവസാന കിളിയും
ഒരു മൂളിപാട്ടുമായ്‌ പറന്നകന്നു

ഇനി എന്റെ
മണൽകിനാവിലേക്കു
പുതുമണിന്റെ കാമോദ്ദീപതമായ ഗന്ധത്താൽ
ഉഴുതുമറിക്കാനും, പുതുനാബിനുമായ്‌
എന്നിൽ സ്ഖലനം ഉണർത്തി
അവൾ വരുന്നു.

എന്റെ മഴ

Wednesday, January 14, 2009

മര തണൽ


ഒരു മരത്തെ
വെറുതെ പഴിച്ച്‌
ചൂണ്ടി കാണിക്കുബോൾ

അതിൽ വിടർന്ന
പൂക്കളെ കുറിച്ചും
തന്നിരുന്ന വസന്തകാലത്തെ
കുറിച്ചും ഓർക്കണം

നിറഞ്ഞു നിന്ന
ഇലകളെ കുറിച്ചും
തന്നിരുന്ന തണ്ണലിടത്തെ
കുറിച്ചും ഓർക്കണം

മണ്ണിലേക്ക്‌ ആഴ്‌ന്നിറങ്ങിയ
വേരിനെക്കുറിച്ചും
മണ്ണും മരവും
നമുക്കേകിയ കരുത്തിനെ
കുറിച്ചും ഓർക്കണം

ചില്ലയിലെ കിളി
കൊഞ്ചലിനെ കുറിച്ചും
കനിഞ്ഞു തന്ന കായ്‌ കനികളെ
കുറിച്ചും ഓർക്കണം

മുറ്റത്തെ മുവാണ്ടൻമാവ്‌
ഇനി കായ്ക്കില്ലാ
വെട്ടി കളഞ്ഞേക്കാം
ഒരു വെറു വാക്ക്‌

മാതാവൂട്ടിയ മധുരം
മാവും ഊട്ടിയിരുന്നല്ലോ
എന്നൊരു ചോദ്യം കാറ്റിനു

ഇതു പറയുബോഴും
ആ മര തണ്ണലിൽ തന്നെയായിരുന്നല്ലോ
നിങ്ങളെന്ന് ഒരു അണ്ണാൻ കുഞ്ഞ്‌

നരച്ച്‌ ശുഷ്കിച്ച്‌
ദൈവനാമംചൊല്ലി
ഇനി കായ്ക്കാത്ത
ഒരു നിസ്സംഗത അകത്ത്‌

വെട്ടി കളഞ്ഞേക്കുമോ അതിനെയും

Sunday, January 4, 2009

പറയാതെ.. പെയ്തൊഴിയാതെ


പറയാതെയും
അറിയാതെയും
പോയ ചില ഇഷ്ടങ്ങൾ
കാലങ്ങൾ കഴിഞ്ഞിട്ടും,
ചില നോട്ടങ്ങളിലൂടെ
പറയാതെ പോയതിനെ പറ്റി
ഒത്തിരി പറഞ്ഞിട്ടു പോകാറുണ്ട്‌


അറിയാതെ പോയ
ആ ഇഷ്ട്ങ്ങളെ ഓർത്ത്‌
മനസ്സിന്റെ മഴ കാടുകളിലെ
നനഞ്ഞ മൺ പുറ്റുകളിൽ
ഞാൻ മരവിച്ചിരിക്കാറുണ്ട്‌


പെയ്തൊഴിയാത്ത ചില
കാർ മേഘങ്ങളെ
കാറ്റിന്റെ കൈകളിൽ
കളിക്കാൻ വിട്ട്‌
കാലം ഇനിയും
കാത്തിരിക്കുന്നുണ്ട്‌
ഓർക്കാപ്പുറത്തൊരു
മഴ ചാറ്റലിനായ്‌